ഗാനഗന്ധര്‍വന്‍ യേശുദാസ് എണ്‍പതിന്റെ നിറവില്‍

ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 80 ന്റെ ചെറുപ്പം. പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചെലവഴിക്കുന്നത്. ഒപ്പം ക്ഷേത്ത്രില്‍ യേശുദാസിന്റെ ഗാനാര്‍ച്ചനയും. 7 പതിറ്റാണ്ടിലധികമായി മലയാളി മനസ്സിലെ പ്രിയപ്പെട്ട ഗായകനായി തുടരുകയാണ് ഈ അപൂര്‍വരാഗം .
‘ഗാനഗന്ധര്‍വന്‍’ – മലയാളികള്‍ ഇത്രത്തോളം ഇഷ്ടത്തോടെയും ദൈവികതയോടെയും മറ്റാര്‍ക്കും ഒരു വിശേഷണം ചാര്‍ത്തി നല്‍കിയിട്ടുണ്ടാവില്ല. ഇത്രമേല്‍ കൊതിയോടെ മറ്റാരുടെയും സ്വരത്തിനായി കാതോര്‍ത്തിരുന്നിട്ടുണ്ടാവില്ല.

ഗായകന്‍ എന്ന വാക്കിന് യേശുദാസിനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയില്ല. അതിനുമപ്പുറം യേശുദാസ് മലയാളിയുടെ സ്വത്വവും വികാരവുമാണ്. വിഖ്യാത ഗായകര്‍ ഒരുപാടുണ്ട് നമുക്ക്, പക്ഷേ ‘യേശുദാസായി’ മലയാളിക്ക് ഹൃദയത്തില്‍ കൊണ്ടു നടക്കാന്‍ അന്നും ഇന്നും ഒരാള്‍ മാത്രമേയുള്ളൂ.

Loading...

ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി 1940 ജനുവരി പത്തിനാണ് കാട്ടാശേരി ജോസഫ് യേശുദാസെന്ന കെ.ജെ യേശുദാസിന്റെ ജനനം. അച്ഛനായിരുന്നു ആദ്യ ഗുരു. 1949-ല്‍ ഒന്‍പതാം വയസില്‍ ആദ്യത്തെ കച്ചേരി പാടി. പഠന കാലത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.

തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു യേശുദാസിന്റെ സംഗീത പഠനം. ശേഷം വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയം സംഗീതം അഭ്യസിച്ചു. ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു യേശുദാസ്.

1961-ല്‍ തന്റെ 21-ാം വയസിലാണ് യേശുദാസ് ചലച്ചിത്ര ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. കെ.എസ് ആന്റണി എന്ന സംവിധായകന്റെ ‘കാല്‍പ്പാടുകള്‍’ ആണ് ആദ്യ ചിത്രം. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാന്‍ അവസരം ലഭിച്ചെങ്കിലും ജലദോഷം കാരണം ഒരു ഗാനം മാത്രമേ ആലപിക്കാനായുള്ളൂ. എം.ബി ശ്രീനിവാസന്‍ ഈണം നല്‍കിയ ‘ജാതിഭേദം മതദ്വേഷം’ എന്ന് തുടങ്ങുന്ന ഗുരുദേവ കീര്‍ത്തനമായിരുന്നു യേശുദാസിന്റെ അരങ്ങേറ്റ ഗാനം.

അസമീസ്, കൊങ്ങിണി, കശ്മീരി എന്നിവ ഒഴികെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ(8) നടിയ ഗായകനാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

തന്റെ പിറന്നാള്‍ ദിനം എല്ലാ വര്‍ഷവും കുടുംബ സമ്മേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കാറ്. ഇത്തവണയും പതിവ് തെറ്റാതെ യേശുദാസ് കൊല്ലൂരിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.