കോവിഡ് മരണം മറച്ചു വെക്കുന്നില്ല: കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് മന്ത്രി കെകെ ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചർ. കോവിഡ് മരണം മറച്ചു വെക്കുന്നില്ല. മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന പ്രചാരണം ശരിയല്ല.  പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല. ലോകാരോഗ്യസംഘടനയുടെ അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ കൊവിഡ് മരണം സ്ഥിരീകരിക്കാനാകൂ.

കൊവിഡ് മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണമായി കണക്കാക്കൂ. മറ്റു ഗുരുതര അസുഖങ്ങൾ ഉള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടയുന്നുവെങ്കിൽ, പോസിറ്റീവാണെങ്കിൽ പോലും കൊവിഡ് മരണത്തിൽപ്പെടുത്തില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Loading...

സാമ്പിൾ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കേണ്ടി വരുന്നതിനാലാണ് കൊറോണ മരണങ്ങൾ താമസം നേരിടുന്നത്. മധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിന് സർക്കാരിന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി. രോഗവ്യാപനം കൂടിയതോടെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്. കൊവിഡ് രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങൾ വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചവർ കോവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്നായിരുന്നു സർക്കാർ വിശദീകരണം.