സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാം: നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. സെപ്തംബറോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെൻറിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയിൽ സംസ്ഥാനത്തും രോഗികൾ മരിക്കുമായിരുന്നെങ്കിൽ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ധർ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവർത്തനം കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും മന്ത്രി പറഞ്ഞു.

Loading...

എന്നാൽ, മതിയായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഇപ്പോൾ ഒരുക്കിയിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സ സൗകര്യങ്ങൾ ഉദ്‌ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ ജാഗ്രതാ നിർദേശം. 15,000 ന് മുകളിൽ കേസുകൾ വരും മാസങ്ങളിൽ ഉണ്ടാകാമെന്ന് നേരത്തെ വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.