തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലെ ചര്‍ച്ചയില്‍ ഗോവയെപ്പറ്റി താന്‍ നടത്തിയത് തെറ്റായ പരാമര്‍ശമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തനിക്ക് തെറ്റ് പറ്റിയെന്ന കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഗോവയെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് പ്രസ്താവനയ്‌ക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ കൊവിഡ് മരണത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.