സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊറോണ ബാധയില്ല; 3,313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ ജാഗ്രതയിലാണ് സംസ്ഥാനം. ഇന്ന് പുറത്ത് വന്ന റിസള്‍ട്ടുകളെല്ലാം നെഗറ്റീവാണ്. ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും 3,313 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗികളുമായി അടുത്തിടപഴകിയവരാണ് ഇതില്‍ 129 പേര്‍. മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 809 സാമ്പിളുകളുടെ ഫലം കിട്ടി. 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിളുകളുടെ പരിശോധന തുടങ്ങി. കൂടുതൽ ലാബുകളിൽ പരിശോധന നടത്താൻ കേന്ദ്രത്തോട് അനുമതി ചോദിച്ചിട്ടുണ്ട്.പത്തനംതിട്ടയിലെ ജിയോ മാപ് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. രോഗികൾ ബന്ധപ്പെട്ടവരെ കണ്ടുപിടിക്കാനായിട്ടുണ്ട്. 969 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിലാണ്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ട 129 പേർ ഹൈറിസ്ക് പട്ടികയിലാണ്. ഇവരിൽ 13 ശതമാനം 60 വയസ്സിന് മുകളിലാണ്.

Loading...

കോട്ടയത്തു 60 പേര് നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്തു 33 പേർ ഹൈറിസ്ക് പട്ടികയിലുണ്ട്. കൂടുതൽ ആളുകൾ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തി തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് സ്ക്രീനിങ് ശക്തമാക്കി. രോഗം നിയന്ത്രിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും പരിശോധനകൾ നടത്തുന്നുണ്ട്.

കൊവിഡ് 19 നെ നേരിടാൻ സംസ്ഥാനത്തെ ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമം തുടങ്ങി. അതേസമയം മാസ്‌ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ലെന്ന് മന്ത്രി വിശദീകരിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗിയുമായി നേരിട്ട് ബന്ധമുള്ളവരും ഉപയോഗിച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. മറ്റുള്ളവർക്ക് തൂവാല ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ പുതിയതായി ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ആശുപത്രിയിൽ ആകെ 25 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതേസമയം ഒൻപത് പേരെ ഇതിനോടകം ഡിസ്ചാർജ് ചെയ്തതായും ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. ജില്ലയിലെ വീടുകളിൽ 969 പേർ നിരീക്ഷണത്തിലുണ്ട്. 13 ടീമുകൾ രോഗനിയന്ത്രണത്തിനായി പ്രവർത്തിക്കുന്നുണ്ട്.

രോഗികളുമായി നേരിട്ട് ബന്ധപ്പെട്ട, രോഗ ബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന 13 പേരെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിൽ നിന്നയച്ച 30 രോഗികളുടെ സാമ്പിൾ പരിശോധനാ ഫലം വരാനുണ്ട്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 38 പേർക്ക് ഭക്ഷണമെത്തിച്ചു. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷം 70 പേർ ബന്ധപ്പെട്ടു. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള 15 പേർ ഉണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.