തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസ്സുകാരനായ പ്രിത്വിരാജ് ഇന്നലെ നാണയം വിഴുങ്ങിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കുഞ്ഞിന് ചികിത്സ നല്കാന് തയ്യാറായില്ല. കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ ആണ് കുട്ടിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നല്കാന് തയ്യാറാകാതിരുന്നത്.
കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു.കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.