തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ വലിയ തോതില്‍ കൊവിഡ് വ്യാപിക്കുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യമന്ത്രി. 17,000 പേര്‍ക്ക് കൊവിഡെന്ന വ്യാജവാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. ജനങ്ങളെ ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് ആരോഗ്യമന്ത്രി. ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കോവിഡ് രോഗവ്യാപനം ഉള്ളത്. ഈ മാസം പതിനഞ്ചാം തീയതി കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പില്‍ പ്പെട്ട 671 പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും അതില്‍ 288 പേര്‍ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്.
ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ എല്ലാം കോവിഡ് രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചത് കൂടാതെ ആര്‍.ആര്‍.ടി, വോളന്റീര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.