തനിക്കെതിരെ കേസെടുത്തതില്‍ ഗൂഡാലോചന: കെ.എം മാണി

തിരുവനന്തപുരം: സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഡാലോചയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്ന് കെ.എം. മാണി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുത്തതില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ധനമന്ത്രി കെ.എം മാണി. ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത്‌ പറയും. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന്‌ താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും ഇപ്പോള്‍ ഗൂഡാലോചനയുടെ ചുരുളഴിയുകയാണെന്നും മാണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്‌തമാക്കി.

Loading...

തനിക്കെതിരെ നിയമപരമായും ധാര്‍മികമായും കേസെടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. താന്‍ നിരപരാധിയാണ്‌. തന്റെ കൈകള്‍ ശുദ്ധമാണെന്നും മാണി പറഞ്ഞു. തന്റെ പേരില്‍ കേസെടുത്തു എന്നതുകൊണ്ട്‌ മറ്റുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പറയേണ്ട ആവശ്യമോ പരിഭവമോ പരാതിയോ തനിക്കില്ല. നിയമം നിയമത്തിന്റെ വഴിയ്‌ക്ക് പോകട്ടേ എന്നും മാണി വ്യക്‌തമാക്കി. ബാര്‍ കോഴയില്‍ രണ്ടുതരം നീതി എന്നത്‌ ജനങ്ങളുടെ അഭിപ്രായമാണ്‌. അതുകൊണ്ടുതന്നെ ഇരട്ടത്താപ്പാണോ എന്നത്‌ ജനങ്ങള്‍ തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജിനെതിരായ നടപടി ഒരു ദിവസം താമസിച്ചാലും കുഴപ്പമില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതായും മാണി കൂട്ടിച്ചേര്‍ത്തു.