ധനമന്ത്രി കെ.എം മാണിയുടെയും മകന്റെയും സമ്പത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തണം: കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്‌: ധനകാര്യമന്ത്രി കെ.എം. മാണിയുടെയും മകന്‍ ജോസ്‌ കെ. മാണിയുടേയും സ്വത്തുവകകള്‍ സംബന്ധിച്ചു അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ച ഉന്നതാധികാര സമിതി അധ്യക്ഷനായി മാണിയെ നിയമിച്ചതു ശരിയായില്ലെന്നും അദേഹത്തെ ആ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കോഴിക്കോട്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും ബാര്‍ കോഴക്കേസില്‍ ജോര്‍ജിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പി.സി. ജോര്‍ജിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സരിതയുടെ കത്ത്‌ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്‌ ഉമ്മന്‍ ചാണ്‌ടിയെ രക്ഷിക്കാനാണെന്നും കൊടിയേരി ആരോപിച്ചു.

Loading...

കാലുമാറ്റവും കൂറൂമാറ്റവും വഴി സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്നും യുഡിഎഫില്‍ തുടരണമോയെന്ന്‌ ഓരോ ഘടകകക്ഷിയും തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്‌പിയുമായി രാഷ്‌ട്രീയമായി യാതൊരു തര്‍ക്കവുമില്ല. രാജ്യസഭാ സീറ്റു നല്‍കാതെയും പാലക്കാട്‌ തോല്‍പിച്ചും ജനതാദള്‍ യുണൈറ്റഡിനെ യുഡിഎഫ്‌ വഞ്ചിച്ചെന്നും ഇനിയെങ്കിലും ജനതാദള്‍ തെറ്റുതിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.