മുഖ്യമന്ത്രിയുടെ ഓഫിസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതി: ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക് ആണ് മുഖ്യമന്ത്രി: കെ എം ഷാജി

തിരുവനന്തപുരം: നിയമസഭയിൽ ശക്തമായി പ്രതിഷേധിച്ച് കെഎം ഷാജി. സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതിയെന്ന് കെ.എം. ഷാജി തുറന്നടിച്ചു. സൈബർ ഗുണ്ടകളെ സിപിഎം മര്യാദ പഠിപ്പിക്കണമെന്നും ഷാജി പറഞ്ഞു. വി.ഡി. സതീശൻ എംഎൽഎ അവതരിപ്പിച്ച് അവിശ്വാസ പ്രമേയത്തെ പിന്താങ്ങി നിയമസഭയിൽ സംസാരിക്കവെയാണ് കെ.എം. ഷാജിയുടെ പരമാർശം.

മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല മുഖ്യമന്ത്രിയാണ് പ്രതി, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവുമാണ്. ഇടയ്ക്കിടയ്ക്ക് പറയും മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിയില്ലെന്ന്. ഇപ്പഴത്തെ ഒരു കള്ളനും മടിയിൽ കനം വയ്ക്കില്ല. ഓഫിസിൽ കൊണ്ടുപോയി കൊടുക്കുകയാണ്. നാട്ടിൽ പല കള്ളന്മാരെയും പിടിക്കുന്നത് അവരുടെ ബന്ധുക്കൾ സാധനം വിൽക്കാൻ അങ്ങാടിയിൽ വരുമ്പോഴാണ്. ഇവിടെയും പിടിച്ചത് അങ്ങനെയാണ്. പത്തു ലക്ഷം മലയാളികൾക്ക് അഭയം കൊടുക്കുന്ന യുഎഇയെയാണ് നിങ്ങളിവിടെ കൊണ്ടുവന്ന് അപമാനിക്കാൻ ശ്രമിക്കുന്നത്. എല്ലാ അന്വേഷണ ഏജൻസികളും പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് മുഖ്യമന്ത്രിയില്ലാതെ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ ഓടുന്നുണ്ട്. അതിൽ പറയുന്നത് മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് ആണെന്നാണ്. എന്നാൽ ഈ നാലു വർഷത്തെ ഭരണത്തിൽ നിന്നു പറയട്ടെ നിങ്ങൾ ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക് ആണ്. ’– കെ.എം. ഷാജി നിയമസഭയിൽ പറഞ്ഞു.

Loading...

കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് ജലീല്‍. ഖുറാൻ തിരിച്ചു കൊടുക്കാൻ ഒരുക്കമാണെന്നാണ് ഇപ്പോൾ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാലും സ്വർണ കൊടുക്കില്ലെന്നല്ലേ നിങ്ങൾ പറയുന്നത്. ഇവിടെ വേറെ രണ്ടു മന്ത്രിമാരുണ്ട്, ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും വൈകുന്നേരം വരും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും, എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസമുട്ടാണത്രേ കോവിഡിന്റെ ഒരു പ്രശ്നമെന്ന് പറയുന്നത്, അതുകൊണ്ട് ശ്വാസം വിട്ട് പരിശീലിക്കുകയാണ്. മന്ത്രി സുധാകരൻ പറയുന്നത് ഇപ്പോൾ ദുർഗന്ധമെല്ലാം പോയി, സുഗന്ധമാണ് ഉള്ളതെന്നാണ്. നാലു കൊല്ലം ഈ അഴിമതിയുടെ നാറ്റം സഹിച്ചിട്ട് ഇപ്പോൾ നിങ്ങൾക്കിത് സുഗന്ധമായി അനുഭവപ്പെടുകയാണെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ജനങ്ങൾക്ക് അത് അങ്ങനെയല്ല തോന്നുന്നത്.

ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടുണ്ടോ, കക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടില്ല. പണ്ട് പാർട്ടി ഓഫിസുകളിൽ പഠിപ്പിച്ചിരുന്നത് ദാസ് ക്യാപ്പിറ്റലും, കമ്മ്യൂണിസവുമൊക്കെയാണ്. എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് ചോര പുരാണമാണ്. എങ്ങനെ കളവു നടത്തണം, എങ്ങനെ പ്രളയ ഫണ്ട് അടിച്ചുമാറ്റാം എന്നൊക്കെയാണ്. നാട്ടിൻ പുറങ്ങളിൽ പറയാറുണ്ട് ശർക്കര കുടത്തിൽ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? റേഷൻ ചാക്കിലെ ശർക്കര വാങ്ങിയതിൽ അഴിമതി നടത്തിയ ആളുകളാണ് നിങ്ങൾ. യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികൾ രാജ്യത്തുണ്ടാകും. അവർ സ്വേച്ഛാധിപതികളാണെന്നാണ് ചരിത്രം പറയുന്നത്. പൗരന്മാരെ ജയിലിലടയ്ക്കാതെ അവരുടെ ഭരണാവകാശങ്ങൾ എങ്ങനെ തടവറയിൽ വയ്ക്കാമെന്ന് ആ ഭരണാധികാരികൾക്ക് അറിയാം. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കോവിഡ് എന്ന ദുരന്തത്തിന്റെ മറവിൽ ആഘോഷിക്കുകയാണ് കേന്ദ്രവും കേരളവും. വിമാനത്താവളം വിറ്റത് സർക്കാർ അറിഞ്ഞില്ലെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. നിങ്ങൾ അറിഞ്ഞില്ലാരിക്കാം, പക്ഷേ കുടുംബക്കാർ പൈസയൊക്കെ അടിച്ചുമാറ്റി പോയിട്ടുണ്ട്. കെ.എം. ഷാജി പറഞ്ഞു.