മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പി ആർ വർക്കിന്റെ ഭാഗം, അനാവശ്യമായ ദുർവാശികളും

കൊറോണ വൈറസ് വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനം നടത്തി വിവരങ്ങൾ പങ്ക് വെക്കുന്നുണ്ട്. ഓരോ ദിവസവും എത്ര പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു എന്നത് അടക്കം ഉള്ള വിവരങ്ങൾ അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. ഇപ്പൊൾ മുഖ്യമന്ത്രി ദിനംപ്രതി നടത്തുന്ന ഇൗ വാർത്ത സമ്മേളനത്തെ വിമർശിച്ച് രംഗത്ത് എത്തി ഇരിക്കുക ആണ് കെ എം ഷാജി.

കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

Loading...

കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്ന ഉത്തരവുണ്ട്.ശരി.പറയുന്നില്ല.അധികാരവും പിആർ വർക്കുകളുടെ അതിപ്രസരവും യുക്തിയേയും ധാർമ്മികതയേയുമൊക്കെ കർട്ടനിട്ട് മറക്കുമ്പോഴും നിശബ്ദരായിരുന്ന് പിആർ ഗ്രൂപ്പുകളുടെ സോഷ്യൽ കില്ലിംഗിന് വിധേയരാവാതിരിക്കുന്നതാണ് നല്ലത്.

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പത്ര സമ്മേളനം നന്നായിട്ട് മാനേജ് ചെയ്യുന്നുണ്ട്.ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും നല്ല പി ആർ മാനേജ്മെൻറുള്ള മുഖ്യമന്ത്രിയായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.നിരവധി ഉപദേശികളെ ചുറ്റും നിർത്തി, വൻ തുക ചെലവഴിച്ച് പിആർ വർക്കുകൾ ഏകോപിപ്പിച്ച് അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങൾക്ക് അതിന്റേതായ ക്രമവും ഭംഗിയും ഒക്കെയുണ്ട്. അതിന്റെ ഗുണം അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. പക്ഷേ ഈ പത്രസമ്മേളനങ്ങളിൽ അദ്ദേഹം അനാവശ്യമായ ചില ദുർവാശികൾ ഒഴിവാക്കേണ്ടതുണ്ട് എന്ന് പറയാതിരിക്കുന്നത് ശരിയല്ല.

വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന പത്ര സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ആളുകളുടെ കണക്കുകൾ പുറത്ത് വിടുന്നത്.7 മണിക്ക് പത്ര സമ്മേളനം അവസാനിക്കുന്നു.പിന്നീടങ്ങോട്ട് പിറ്റേ ദിവസത്തെ പ്രസ്സ് കോൺഫ്രൻസ് സമയം വൈകുന്നേരം 6 മണിവരെയുള്ള സമയത്തിനിടക്ക് പലയാളുകൾക്കും വ്യത്യസ്ത ലാബുകളിൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി പത്രസമ്മേളനം കഴിഞ്ഞ് എഴുന്നേൽക്കുന്ന വേളയിലാണ് ഏതെങ്കിലുമൊരു ലാബിൽ പോസിറ്റീവ് കേസ്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിൽ, പിറ്റേ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ ഇത് ഡിക്ലയർ ചെയ്യാൻ കാത്തിരിക്കുകയാണ്. പോസിറ്റീവ് റിപ്പോർട്ടോട്കൂടി പേഷ്യന്റ് ഐസോലേറ്റ് ചെയ്യപ്പെടുമായിരിക്കാം. എന്നാൽ ഇദ്ദേഹം സാമൂഹിക ഇടപെടൽ നടത്തിയിരുന്ന ഒരു വിഭാഗത്തിൽ നിന്ന് രോഗ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണ്,പിറ്റേ ദിവസം വൈകുന്നേരം വരെയുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളന സമയം വരെ.
കൊറോണ പോലെ ഓരോ നിമിഷത്തിലും മിറ്റിഗേഷൻ പ്രവർത്തനങ്ങൾക്കായി ഇടപെടൽ നടത്തേണ്ട ഒരു സമയത്ത് എന്തിനാണ് ഈ വാശി..? മറ്റാർക്കും ഈ പ്രഖ്യാപനാധികാരം വിട്ടുകൊടുക്കാത്ത ഈ പിആർ വർക്കിന്റെ രാഷ്ട്രീയം എന്താണ്?

മറ്റൊന്ന്, കൊറോണ ബാധിതരായ മനുഷ്യർ എന്തോ മഹാ അപരാധികൾ ആണെന്ന ദുസൂചന അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം പ്രസരിപ്പിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ ഒരു പൊതു പ്രവർത്തകനെ അങ്ങേയറ്റം വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്മെന്റ് കേരളം കേട്ടു.പത്ര സമ്മേളനം തുടങ്ങിയത് മുതൽ ‘ഗൾഫുകാർ’ എന്ന പ്രവാസികളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രയോഗ രീതി പോലും അസ്പൃശ്യത കൽപിക്കപ്പെടേണ്ടവർ എന്ന അർത്ഥ തലങ്ങളിലേക്ക് എത്തിച്ചേരുന്നു.ലോകത്ത് ഉരുത്തിരിയുന്ന എല്ലാ പ്രതിസന്ധികളുടേയും പ്രശ്നങ്ങൾ ആരംഭഘട്ടത്തിൽ തന്നെ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് പ്രവാസികൾ. അപ്പോഴും നാടിനും സർക്കാരിനും വേണ്ടി അത്യാദ്ധ്വാനം ചെയ്യുന്നവരാണവർ.പ്രളയമടക്കമുള്ള പ്രതിസന്ധികളുടെ പേമാരികളിൽ സംസ്ഥാനത്തെ നില നിർത്തിയ സമൂഹം.എന്നാൽ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങളുടെ അനന്തരഫലമായി സംസ്ഥാനത്തെ പ്രവാസികളെ ഒന്നാകെ ഭീകരരായ ക്രിമിനൽ കുറ്റവാളികളെ പോലെ സമൂഹം വീക്ഷിക്കുന്ന ഒരു സാഹചര്യമുണ്ടാവുന്നു. എന്നാൽ ഈ പ്രവാസികളാരും ഫ്ളൈറ്റിൽ നിന്ന് പാരച്യൂട്ട് വഴി ഇവിടെ ലാൻഡ് ചെയ്തവരല്ല. നിയമാനുസൃതമായി കേരളത്തിലെ നാല് എയർപോർട്ടുകളിലൂടെ ആഗമനം സാധ്യമാക്കിയവരാണ്.

ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് മുന്നറിയിപ്പ് നിലവിൽ വന്നതിന് ശേഷം നമ്മുടെ തൊട്ടടുത്ത തമിഴ്നാട്ടിലെ ചെന്നൈ എയർപോർട്ടിൽ മാത്രം രണ്ടര ലക്ഷത്തോളം യാത്രക്കാർ വന്നിറങ്ങി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിട്ടും തമിഴ്നാട് പോലുള്ള ഒരു വലിയ സംസ്ഥാനത്തിനകത്ത് കോവിഡ് വ്യാപനം ഇത്രമേൽ ഫലപ്രദമായി തടയാനവർക്ക് സാധിച്ചത് എങ്ങനെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കേരളം വളരെ വൈകി മാത്രം ചെയ്ത കാര്യം അവർ കോവിഡ് ഭീഷണിയുടെ തുടക്കത്തിൽ തന്നെ ചെയ്തുവെന്നതാണ്. എന്നു വെച്ചാൽ, തമിഴ്നാട്ടിലെ എയർപോർട്ടുകളിൽ ഇറങ്ങിയ എല്ലാ പ്രവാസികളെയും സ്റ്റേറ്റ് ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും കൃത്യമായ നിരീക്ഷണത്തിൽ ഐസോലേറ്റ് ചെയ്ത് അവരുടെ രോഗാവസ്ഥ സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് റിലീസ് ചെയ്തത്.സെൽഫ് പ്രമോഷൻ പത്രസമ്മേളനങ്ങളും പ്രോപഗണ്ട രാഷ്ട്രീയവുമില്ലാതെ, സൂത്രത്തിൽ പുറത്ത് ചാടുന്നവരെന്ന പ്രവാസി സമൂഹത്തോടുള്ള അധിക്ഷേപ വർഷങ്ങളില്ലാതെ എങ്ങനെ ഉയർന്ന ജനസാന്ദ്രതയുള്ള തമിഴ്നാട് പോലെ ഒരു സംസ്ഥാനം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നതിന്റെ ഉദാഹരണമാണിത്. രോഗം വന്നതിന് ശേഷം ടെസ്റ്റ് നടത്തിയതിന്റേയും ചികിത്സിച്ചതിന്റെയും കണക്കാണ് കേരളം പറയുന്നതെങ്കിൽ വരാതിരിക്കാനുള്ള സൂക്ഷ്മതയാണ് തമിഴ്നാട്ടിലെയും മറ്റും ഗവൺമെൻറുകൾ ആവിഷകരിച്ചത്.ഇത് ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തെ അർത്ഥശൂന്യമായ പദങ്ങളാൽ മോബ് ലിഞ്ചിംഗ് നടത്തുന്ന തിരക്കിലായിരുന്നു അന്നുമിന്നും കേരളത്തിലെ ഭരണപക്ഷ കക്ഷിയുടെ പ്രചാരകർ.

ദു:ഖ സത്യം എന്താണെന്ന് വെച്ചാൽ,കേരളം ഒന്നാമതെന്ന സിപിഎം പരസ്യ ഏജൻസികളുടേയും സൈബർ കമ്മൂണുകളുടെയും എന്നത്തെയും വാദം ഇപ്പോഴാണ് ശരിയായി തീർന്നത്.എല്ലാ ജില്ലകളിലും കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവി കേരളത്തിനാണ്. വ്യാപന തോതിൽ മഹാരാഷ്ട്രയോട് നാം മത്സരിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളുടെ എല്ലാ നിർദ്ദേശങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുന്നു. ഒപ്പം അഭിപ്രായം പറഞ്ഞാലുണ്ടാകുന്ന വെട്ടുകിളി ആക്രമണത്തെ ഭയപ്പെടാൻ നിർവ്വാഹമില്ലാത്തത് കൊണ്ട് അതിനിയും ആവർത്തിക്കുകയും ചെയ്യും.