നടി ആക്രമിക്കപ്പെട്ട കേസ്: സിദ്ധിഖിനും ഭാമയ്ക്കും പിന്നാലെ ഇടവേള ബാബുവും ബിന്ദു പണിക്കരും കൂറുമാറി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ രം​ഗത്ത് നിന്ന് കുറുമാറിയവരുടെ എണ്ണം നാലായി. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നുവെന്ന ആദ്യമൊഴിയിൽ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടതെന്ന് ഇടവേള ബാബു പറഞ്ഞു.

2013 മാർച്ചിൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ദീലീപ് ഒന്നാം പ്രതി പൾസർ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയിൽ നിന്നാണ് ബിന്ദു പണിക്കർ കോടതിയിൽ പിന്മാറിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

Loading...

ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. എംഎൽഎയും നടനുമായ മുകേഷിന്റെ വിസ്താരം വ്യാഴാഴ്ച പൂർത്തിയായിരുന്നു. അതേസമയം ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം സമർപ്പിച്ച ഹർജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.