ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു: യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു

കൊച്ചി: ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

Loading...

എറണാകുളം ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ ആൾകൂട്ടം ശിക്ഷാർഹം. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അടച്ചിടൽ നിർദേശം പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയിലെമ്പാടും ആലുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.‌ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.