മനസിലെ നിറങ്ങള്‍ കടലാസില്‍ പകര്‍ത്താം, കുട്ടികള്‍ക്ക് പടം വരയ്ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനത്തിന്‍റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ മാവിന്‍ചുവട്ടില്‍ എപ്പോഴും ഒരാള്‍ക്കൂട്ടം കാണാം. കുട്ടികള്‍ക്ക് തങ്ങളുടെ മനസിലുള്ളതെന്തും വരക്കാനായി ബിനാലെ ഒരുക്കിയതാണ് ഈ വേദി.
അവധിക്കാലം തുടങ്ങിയതോടെ ബിനാലെ വേദികളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഗൗരവമേറിയ പ്രദര്‍ശനങ്ങള്‍ക്കിടയിലും കുട്ടിക്കളിയ്ക്ക് അരങ്ങൊരുക്കുകയാണ് ബിനാലെയുടെ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍(എബിസി). ഏതു കുട്ടിയ്ക്കും ഇവിടെ വന്ന് വരയ്ക്കാം. കടലാസും ക്രയോണ്‍സുമെല്ലാം സൗജന്യമായി നല്‍കുന്ന പരിപാടിയ്ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നില്ല.
പ്രായമൊന്നും ഈ കുട്ടികള്‍ക്ക് ബാധകമല്ല. രണ്ടു വയസുകാര്‍ മുതല്‍ പതിന്നാല് വയസുവരെയുള്ള കുട്ടികള്‍ ഇവിടെ ചിത്രരചന നടത്തുന്നുണ്ട്. ഏറിയും കോണിയുമുള്ള കുട്ടിവര മുതല്‍ ഗൗരവമുള്ള, ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ച ഭാവി വാഗ്ദാനങ്ങള്‍ വരെ ഇവിടെയെത്തിയിരുന്നു.
അറിഞ്ഞു കൊണ്ടോ, അറിയാതെയോ കുട്ടികള്‍ സ്വയം തിരിച്ചറിയുന്നത് ഇത്തരം വരകളിലൂടെയാണെന്ന് എബിസി തലവന്‍ മനു ജോസ് പറയുന്നു. മനസില് തോന്നുന്നതെന്തും കുട്ടികള്‍ക്ക് ഇവിടെ വരയ്ക്കാം. ബിനാലെ പോലുള്ള അന്താരാഷ്ട്ര വേദിയില്‍ കുട്ടികളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്.