എറണാകുളത്തും അതീവ ജാ​ഗ്രത: നിർദ്ദേശങ്ങൾ പാലിക്കാത്ത ആലുവ മാർക്കറ്റിലെ ഏഴ് കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

കൊച്ചി: സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. നിർദ്ദേശങ്ങൾ പാലിക്കാത്ത ആലുവ മാർക്കറ്റിലെ ഏഴ് കടകൾക്ക് കാരണം നഗരസഭ കാണിക്കൽ നോട്ടീസ് നൽകി. എറണാകുളം മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

എറണാകുളം മാർക്കറ്റിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്പിൾ കൂടി ശേഖരിക്കും. കണ്ടെയ്ന്‍മെന്‍റ് സോണിൽ പൂക്കാരമുക്ക് മേഖലയിൽ താമസിക്കുന്നവരുടെയും സമീപത്ത വ്യാപാരസ്ഥാപനങ്ങളെ ജീവനക്കാരുടെയും സാമ്പിളാണ് ശേഖരിക്കുക. മാർക്കറ്റിൽ നിന്ന് പന്ത്രണ്ട് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Loading...

കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് ക‍ർശന നടപടി സ്വീകരിക്കുകയാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് ആലുവ മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടിയതിനെ തുടർന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി വ്യാപാരികളെ താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡ് കെട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താത്കാലികമായി അടക്കുമെന്ന് നഗരസഭ അധികൃതർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. ചേർത്തല പള്ളിത്തോട് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും നേഴ്സുമാരുമടക്കമുള്ളവർ നിരീക്ഷണത്തിലായി. ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് താത്കാലികമായി അടച്ചു. ഈ സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ചെല്ലാനം ഹാർബറും മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.