എറണാകുളത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 50 പേർക്ക്: പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രം

കൊച്ചി: എറണാകുളം ജില്ലയിലെ ഇന്നലെ പുറത്തുവിട്ട കൊവിഡ് ബാധിതരുടെ കണക്കുകളിൽ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഇന്നലെ മൊത്തം 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റ എൻട്രി നടക്കാതിരുന്നതാണ് കാരണമെന്ന് പിഴവിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 പേരുടെ ലിസ്റ്റ് സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടുത്താനായില്ലെന്ന് മന്ത്രി പറഞ്ഞു.

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ചെല്ലാനത്ത് ഇതുവരെ 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകൾ നടത്തി. ചെല്ലാനത്ത് കൊവിഡ് സെൻറർ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മാർക്കറ്റുകൾക്ക് പ്രത്യേക എസ്ഒപി പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് രോഗവ്യാപനം രൂക്ഷമായ ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 23നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. പ്രദേശത്തേക്ക് ആരോഗ്യ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ, പൊലീസ് എന്നിവരടങ്ങിയ റാപിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Loading...

അതേസമയം എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ഡോക്ടർ നിരീക്ഷണത്തിലായിരുന്നു. കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്. ഡോക്ടറുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.