എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 128 പേർക്ക്: 85 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം: 7 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 128 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 85 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ 7 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ സ്ഥീരികരിച്ചു. ഫോർട്ട് കൊച്ചി മേഖലയിലാണ് ഉയർന്ന രോഗവ്യാപന നിരക്ക് രേഖപ്പെടുത്തിയത്.

എറണാകുളം ജില്ലയിൽ ഇന്ന് രോഗം ബാധിച്ച 128 പേരിൽ 85 പേർക്കും സമ്പർക്കത്തിലുടെയാണ് കൊവിഡ് ബാധ. ഫോർട്ട് കൊച്ചിയിൽ മാത്രം 17 പേർക്ക് രോഗബാധ സ്ഥീരീകരിച്ചു. ഈ മേഖലയിൽ കർഫ്യൂ തുടരുകയാണ്. തൃക്കാക്കര കരുണാലയത്തിൽ 6 പേർക്ക് കൂടി രോഗം ബാധിച്ചു. മട്ടാഞ്ചേരി, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ 4 പേർക്കാണ് ഇന്ന് വൈറസ് ബാധ കണ്ടെത്തിയത്. ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെട്ട കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലുർ, എടത്തല എന്നിവടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെയും കർഫ്യൂ നിലനിൽക്കുകയാണ്. നെല്ലിക്കുഴി, കോട്ടപ്പടി എന്നിവിടങ്ങളിലും രോഗ വ്യാപന സാധ്യത ശക്തമാണ്. ഏഴ് ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരുടെ പട്ടികയിലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലെ 4 നേഴ്സുമാർ, പിറവം താലൂക്ക് ആശുപത്രിയിലെ 2 നേഴ്സുമാർ, ആലുവ ജില്ലാ അശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗ ബാധ.

Loading...

ജില്ലയിൽ ഇന്ന് 36 പേർ രോഗ മുക്തി നേടി.

കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ വാർഡ്- 9, ചിറ്റാറ്റുകരയിലെ 7, 9 വാർഡുകൾ, വെങ്ങോലയിലെ വാർഡ് 7 എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിലെ വാർഡ് 15 നിയന്ത്രിത മേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജില്ലയിൽ 11,384 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 9489 പേർ വീടുകളിലും, 164 പേർ കൊവിഡ് കെയർ സെന്ററുകളിലും 1,731 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. നിലവിൽ 978 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.