എറണാകുളം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടർ: ചികിത്സയിലുള്ള കൊവിഡ് ബാധിതൻ അത്യാസന്ന നിലയിൽ

കൊച്ചി: കൊവിഡ് രോഗബാധ കൂടുതൽ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കളക്ടർ എസ് സുഹാസ്. എറണാകുളം മാർക്കറ്റിൽ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്. നിലവിൽ ജില്ലയില്‍ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ആവശ്യമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില അത്യാസന്ന നിലയിൽ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

Loading...

എന്നാൽ കൊവിഡ് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്നവരില്‍ രണ്ടു രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. ഇത് ഉടൻ സ്ഥിരീകരിക്കുമെന്നും മറ്റ്‌ രോഗികളുടെയും രോഗ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കളക്ടർ വ്യക്തമാക്കി. നിയന്ത്രിത മേഖലയിൽ ഉള്ള ഹോട്ടലിൽ താരസംഘടനയുടെ യോഗം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു. അതേ സമയം സാമൂഹിക വ്യാപന ഭീതി നിലനിൽക്കെ കൊച്ചി നഗരത്തിൽ കർശന നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തിലെ എട്ട് ഡിവിഷനുകൾ അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവശത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.