എറണാകുളത്ത് തത്കാലം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല: മന്ത്രി വി എസ് സുനിൽകുമാർ

കൊച്ചി : കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നെങ്കിലും എറണാകുളത്ത് തത്കാലം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. എറണാകുളത്ത് പൊലീസിന്‍റെ നേതൃത്വത്തിൽ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തു.

ഓട്ടോഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടച്ച ആലുവ മാർക്കറ്റ് നാളെ ഭാഗീകമായി തുറക്കും. ഇന്ന് ശുചീകരണം പൂര്‍ത്തിയായ ശേഷം നാളെ മുതൽ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഹോള്‍സൈല്‍ മാർക്കറ്റ് മാത്രമാകും പ്രവർത്തിക്കുക. രാവിലെ 6 മണിക്ക്‌ ചരക്കുകൾ ഇറക്കി വണ്ടികൾ പുറത്ത് പോകണം . പുലർച്ചെ 3 മണി മുതൽ മാർക്കറ്റിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം വേണമെങ്കിൽ വീണ്ടും മാർക്കറ്റ് അടയ്ക്കും.

Loading...

അതേ സമയം ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികള്‍ സ്വീകരിക്കും. ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹിക വ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. ജില്ലയിൽ രോഗലക്ഷണമുള്ളവർക്ക് ആന്റിജെൻ പരിശോധന ആരംഭിച്ചു. അതേ സമയം മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുനമ്പത്തെ രണ്ട് ഹാർബറുകളും മത്സ്യ മാർക്കറ്റും അടച്ചു. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.