ചികിത്സയിലിരിക്കുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധി: കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത് നിരവധി കൊവിഡ് ഇതര രോഗികളെ പ്രതിസന്ധിയിലാക്കി

കൊച്ചി: എറണാകുളത്ത് ചികിത്സയിലിരിക്കുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധി. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത് നിരവധി കൊവിഡ് ഇതര രോഗികളെ പ്രയാസത്തിലാക്കി. ജില്ലയിലെ ആയിരക്കണക്കിന് രോഗികളാണ് ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.‌

‌കഴിഞ്ഞ ദിവസം ആശുപത്രിയിലെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 18 രോഗികളെയും കൂട്ടിരിപ്പുകാരെയും ഇവിടെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഒപി പ്രവര്‍ത്തിച്ചാലും കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്ത അവസ്ഥയാണ്.

Loading...

അതേസമയം കൊല്ലം ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്. ട്രൂ നാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം പിസിആർ പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരുമായി സമ്പർക്കത്തിൽ വന്ന 14 പേരെ സ്വയം നിരീക്ഷണത്തിൽ ആക്കി. ഇവർ പൂന്തുറ സ്വദേശി ആണ്.ഇവരുടെ ഭർത്താവിനും കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്.