കൊച്ചിയില്‍ ഏത് നിമിഷവും ഭീകരാക്രമണം ഉണ്ടായേക്കാം, ലങ്കയെ കുരുതിക്കളമാക്കിയ സഹ്രാന്‍ ഹാഷിമിന്റെ സംഘത്തിന്റെ അടുത്തലക്ഷ്യം കേരളമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. ഇതിന് പിന്നാലെ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്തലക്ഷ്യം കേരളമായിരിക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശയപ്രചാരണത്തില്‍ സജീവമായിരുന്നു. ഈസ്റ്റര്‍ദിന സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ സഹോദരങ്ങളും പിതാവും വെള്ളിയാഴ്ച കിഴക്കന്‍ ലങ്കയിലെ കല്‍മുന മേഖലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കല്‍മുനയിലെ സമ്മന്‍തുറൈയിലെ ഭീകരതാവളം റെയ്ഡ് ചെയ്ത സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടുകയായിരുന്നു.