കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി, രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് പിടികൂടി. ഭൂമിവില്‍പ്പനയുടെ മറവില്‍ കളളപ്പണം വെളുപ്പിക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന എംഎല്‍എയെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് എംഎല്‍എ കടന്നുകളഞ്ഞതായാണ് വിവരം.വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ചുമന ക്ഷേത്രത്തിന് സമീപമുളള വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് 88 ലക്ഷം രൂപയുടെ കളളപ്പണം പിടികൂടിയത്.റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കളളപ്പണമാണ് രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയത്.

സംഭവത്തില്‍ കുപ്പി എന്നറിയപ്പെടുന്ന കൊച്ചിയിലെ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ വീട്ടിലും സ്ഥാപനങ്ങളിലും തുടര്‍ന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഒരു എംഎല്‍എയുടെ സാന്നിധ്യത്തിലാണ് പണമിടപാടുകള്‍ നടന്നതെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ അടുത്ത സുഹൃത്തായ എംഎല്‍എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ ഒരു കൗണ്‍സിലറും ഉണ്ടായിരുന്നു. അഞ്ചുമനയിലെ കോടികള്‍ വില വരുന്ന ഭൂമി എംഎല്‍എ ഇടനിലക്കാരനായി നിന്ന് 88 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുന്നതിനിടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഉടന്‍ തന്നെ എംഎല്‍എ ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ എംഎല്‍എയുടെ പങ്കും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Loading...