കൊച്ചിയിൽ വിദേശത്തേക്ക് ജോലിതട്ടിപ്പ്,300ഓളം പേരുടെ പണവുമായി ഏജൻസി മുങ്ങി

കൊച്ചി: കൊച്ചിയിൽ സ്വകാര്യ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് വീണ്ടും. തമിഴ്നാട് സ്വദേശികളായ ഏജന്റുമാരുടെ നേതൃത്വത്തിൽ എറണാകുളം ഫോർഷോർ റോഡിന് സമീപം പള്ളിയിൽ ലെയിനിൽ പി.ഡബ്ല്യു.ആർ ഭവനിൽ പ്രവർത്തിച്ചിരുന്ന ഡ്രിസീ സോഫ്റ്റ് ടെക്ക് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയശേഷം ലക്ഷങ്ങളുമായി മുങ്ങിയത്. ബി.ടെക്, എം.ബി.എ, എം.സി.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പഠിച്ചിറങ്ങിയവരാണ് തട്ടിപ്പിനിരയായവരിൽ അധികവും. വെബ് ഡിസൈനർ, എച്ച്.ആർ സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് സ്ഥാപനം നിയമനം നടത്തിയത്. സിംഗപ്പൂരിലെ ഐ.ടി കമ്പനികളിലേക്ക് കുറച്ച് പേരെ അയക്കുമെന്നായിരുന്നു റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമകളുടെ വാഗ്ദാനം.

മുന്നൂറിൽ പരം ഉദ്യോഗാർഥികളിൽ നിന്നായി ലക്ഷക്കണക്കിന്  രൂപ റിക്രൂട്ട്മെന്റ് സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പിനിരയായ നൂറോളം ഉദ്യോഗാർത്ഥികൾ ചേർന്ന് കഴി‌ഞ്ഞ ദിവസം എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് പരാതി അന്വേഷിക്കാൻ സെൻട്രൽ സി.ഐ അനന്തലാലിനെ ചുമതലപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് സി.ഐ അനന്തലാൽ പറഞ്ഞു. ഇവർ സംസ്ഥാനം വിട്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Loading...

പ്രമുഖ കോളേജുകളിലും ഇൻഫോ പാർക്കിലും മറ്റും ജോലിക്കായി ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും 10,000 രൂപ വീതവും വിദേശ ജോലിക്കുള്ള പരിശീലനത്തിനായി 30,000 രൂപ വീതവും തട്ടിപ്പുകാർ കൈപ്പറ്റിയിരുന്നു. ഒരു മാസത്തെ പരിശീലനത്തിന് ശേഷം 15,000 രൂപ സ്‌റ്റൈപ്പന്റോടെ ജോലി ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വിദേശ ജോലിക്ക് ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ സ്‌റ്റൈപ്പന്റ് ലഭിക്കുമെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഉദ്യോഗാർത്ഥികൾ പലരും പണം നേരിട്ടും അവരുടെ അക്കൗണ്ടിലേക്ക് അടച്ചും പരിശീലനത്തിന് ചേരുകയായിരുന്നു. ഏപ്രിൽ പത്തിനകം എല്ലാവർക്കും പരിശീലനം തുടങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ തിങ്കളാഴ്ചയോടെ തന്നെ സ്ഥാപനം പൂട്ടിക്കെട്ടി നടത്തിപ്പുകാർ മുങ്ങുകയായിരുന്നു. ഉടമകളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്ന് ഇവരുടെ താമസ സ്ഥലം പരിശോധിച്ചപ്പോൾ ഫ്ലാറ്റും ഒഴിഞ്ഞതായി കണ്ടെത്തി.