എറണാകുളത്ത് സ്ഥിതി അതീവ ​ഗുരുതരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

കൊച്ചി: എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മുന്നറിയിപ്പുകൾ ഇല്ലാതെയായിരിക്കും ലോക്ഡൗൺ പ്രഖ്യാപനം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി വ്യക്തമാക്കി.

വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ആശുപത്രികളിൽ ഉൾപ്പടെ കോവിഡ് 19 റിപ്പോർട് ചെയ്തതോടെ കോവിഡ് രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

Loading...

കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറൽ മെഡിസിൻ വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ജില്ലയിൽ കളമശേരി മെഡിക്കൽ കോളജ് കോവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങൾക്ക് സാധാരണക്കാർ ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയാണ്. ജനറൽ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നതോടെ ഇവിടെയുള്ള രോഗികളുടെ ചികിത്സ കൂടുതൽ ദുസ്സഹമാകുന്ന സാഹചര്യമാണ്. സമൂഹ വ്യാപന സാധ്യതകൾ പൂർണമായും തടയുകയും എന്നാൽ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകൾ വേർതിരിക്കുന്നത്. ക്ലസ്റ്റർ സോണുകളിലുള്ള മുഴുവൻ പേരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കും. ക്ലസ്റ്ററുകളിൽ ട്രിപ്പിൽ ലോക്ഡൗൺ പോലെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനമെന്നും അധികൃതർ വിശദീകരിച്ചിക്കുന്നു.