നവകേരള സ്വപ്നം ചർച്ചകളിൽ മാത്രം, ഓണക്കച്ചവടം തിരിച്ചു പിടിക്കാൻ മാധ്യമ രാജാക്കൻമാരുടെ കളി, കൊച്ചിയിലേക്ക് ഒഴുകുന്നത് കോടികൾ

കൊച്ചി: നവ കേരള നിർമാണത്തിനായി സംസ്ഥാനം വിയർപ്പൊഴുക്കുമ്പോൾ ഓണക്കച്ചവടം തിരിച്ചു പിടിക്കാൻ ഷോപ്പിങ് മാമാങ്കവുമായി മാധ്യമ രാജാക്കൻമാർ. ഗ്രെയ്റ്റ് കേരളാ ഷോപ്പിങ് ഉത്സവമെന്നു പേരിട്ടിരിക്കുന്ന മഹാമാമാങ്കത്തിനാണ് മലയാളത്തിലെ മാധ്യമ മുതലാളിമാർ കൈകോർത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം ചേർക്കാൻ മുഖ്യമന്ത്രിയും സർക്കാരും പെടാപാടു പെടുമ്പോഴാണ് കൊച്ചിയിൽ കോടികൾ പൊടിക്കുന്ന ബിസിനസ് മാമാങ്കം അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. അതേസമയം വൻകിട പത്ര- ദൃശ്യ മാധ്യമങ്ങൾ മാമാങ്കത്തിൽ കോടികളുടെ ലാഭം കൊയ്യുമ്പോൾ ചെറുകിട മാധ്യമങ്ങൾ വെറും കാഴ്ച്ചക്കാരായി മാറുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

മാമാങ്കത്തിനായി പണം മുടക്കുന്ന സ്ഥാപനങ്ങൾ പിന്നീട് ക്രിസ്മസിനോ, ന്യൂ ഇയറിനോ പണം മുടക്കില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഒറ്റയടിക്ക് ഓണം- ക്രിസ്മസ് പരസ്യം ദാതാക്കളിൽ നിന്നും വാങ്ങിക്കൂട്ടാനുള്ള പുറപ്പാടിലാണ് കേരളത്തിലെ മാധ്യമ രാജാക്കൻമാർ.

നാലു കോടി രൂപവരെയുള്ള സമ്മാനങ്ങളുടെ വാഗ്ദാനവുമായിട്ടാണ് നവംബർ 15 മുതൽ ഡിസംബർ 16വരെ ഗ്രെയ്റ്റ് കേരളാ ഷോപ്പിങ് ഉത്സവം കൊച്ചിയിൽ നടക്കുന്നത്. ഒരുകോടി രൂപയുടെ ഫ്‌ളാറ്റാണ് മെഗാസമ്മാനം. ആയിരം രൂപയ്‌ക്കോ അതില്‍ കൂടുതല്‍ തുകയ്‌ക്കോ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായിരിക്കും മെഗാനറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. ഗിഫ്‌റ് വൗച്ചറുകളും ഗിഫ്റ്റ് ഹാംപേര്‍സും ഹോം അപ്ലയന്‍സസുമടക്കം ദിവസേന ആയിരത്തിലേറെ സമ്മാനങ്ങളും ഭാഗ്യശാലികളെ തേടിയെത്തും.

മാധ്യമ സ്ഥാപനങ്ങളുടെ ഉടമകൾ തമ്മിൽ കൈകോർക്കുന്ന കമ്മിറ്റിയായിരിക്കും പരിപാടിയുടെ നടത്തിപ്പുകാർ. മാമാങ്കത്തിൽ പങ്കെടുക്കാനായി മാധ്യമങ്ങളുടെ പരസ്യ ദാതാക്കൾ ഈ കമ്മിറ്റിക്ക് പണം നൽകണം. പരസ്യ ദാതാവിന്‍റെ വലിപ്പമനുസരിച്ച് കോടികളും ലക്ഷങ്ങളുമായി തരം തിരിച്ചാണ് കച്ചവടം. മെഗാതാരം മമ്മൂട്ടിയാണ് ഗ്രെയ്റ്റ് കേരള ഷോപ്പിങ് ഉത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തത്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍, അസോസിയേഷന്‍ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ, കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കൊമോഴ്‌സ്, ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആൻഡ് അപ്ലെയന്‍സസ്, സൂപ്പര്‍ മാര്‍ക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള, റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയും മേളയ്ക്കുണ്ട്

Top