കൊച്ചി: 100 കോടിയിലേറെ രൂപയുടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ സ്ഥാപന ഉടമക്ക് സംസ്ഥാനത്തെ പല ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് വിവരം. അല്‍ സറാഫാ സ്ഥാപന ഉടമ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഫേസ് ബുക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേസില്‍ സി.ബി.ഐ രണ്ടാം പ്രതിയാക്കിയിരിക്കുന്ന അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയുടെ ഉടമകള്‍ക്ക് സംസ്ഥാനത്തെ പല ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് വിവരം. ഇക്കാര്യവും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസില്‍ ഒന്നാം പ്രതിയാക്കിയ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് കൊല്ലം സ്വദേശി അഡോല്‍ഫ് ലോറന്‍സിനെയും അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമകളെയും ഉടന്‍ ചോദ്യംചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നുമാണ് സി.ബി.ഐയുടെ നിലപാട്.
കൊച്ചി ചര്‍ച്ച് ലാന്‍ഡിങ് റോഡിലെ അല്‍ സറാഫാ ഓഫിസ്, ഉതുപ്പ് വര്‍ഗീസിന്റെ പുതുപ്പള്ളിയിലെ വീട്, മാര്‍ക്കറ്റ് റോഡിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫിസ്, അഡോല്‍ഫ് ലോറന്‍സിന്റെ കൊല്ലത്തെ വീട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ നടത്തിയ റെയ്ഡില്‍ നഴ്‌സുമാരുമായി ഉണ്ടാക്കിയ കരാര്‍ അടക്കം സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിരുന്നു. സ്ഥാപനവും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും തമ്മില്‍ നടത്തിയ ഇ മെയില്‍ വിശദാംശങ്ങളും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. തുടരന്വേഷണ ഭാഗമായി ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും സി.ബി.ഐ മരവിപ്പിച്ചു. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ അടക്കമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ചൂഷണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യതയുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് സ്ഥാപന അധികൃതരുമായി ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സി.ബി.ഐയുടെ പ്രാരംഭ വിലയിരുത്തല്‍.
വരുംദിവസങ്ങളില്‍ അല്‍ സറാഫാ ഓഫിസ് കേന്ദ്രീകരിച്ച് ഉദ്യോഗാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കാനാണ് ആലോചന. വന്‍ തുക വാങ്ങി സ്ഥാപന അധികൃതര്‍ കുവൈത്തിലേക്ക് അയച്ചവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 19,500 രൂപ മാത്രമേ സര്‍വിസ് ചാര്‍ജായി ഈടാക്കാവൂ എന്ന വ്യവസ്ഥയോടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍ സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാണ് വന്‍ തുക തട്ടിയെടുത്തത്. കരാര്‍ തുകയുടെ നൂറിരട്ടിയായ 19.5 ലക്ഷം രൂപയാണ് ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ ഓരോരുത്തരില്‍നിന്നും തട്ടിയെടുത്തത്.