പ്രധാനമന്ത്രിയുടെ മുഖച്ഛായ; പാപ്പാഞ്ഞിയെ മാറ്റി നിർമ്മിക്കുമെന്ന് കൊച്ചിൻ കാർണിവൽ, ബിജെപി പ്രതിഷേധം ഫലംകണ്ടു

കൊച്ചി: പ്രധാനമന്ത്രിയുടെ മുഖച്ഛായയിൽ നിർമ്മിച്ച പാപ്പാഞ്ഞിയുടെ മുഖം മാറ്റി നിർമ്മിക്കുമെന്ന് കൊച്ചിൻ കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 31ന് അർദ്ധരാത്രി കത്തിക്കുന്നതിനായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയാണ് വിവാദമായത്. സംഭവത്തിൽ ബിജെപിയുടെ പ്രതിഷേധം ശക്തമായതോടെയാണ് പാപ്പാഞ്ഞിയെ മാറ്റി നിർമ്മിക്കാൻ തയ്യാറാണെന്ന് കമ്മിറ്റി അറിയിച്ചത്.

പ്രധാനമന്ത്രിയെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് മോദിയുടെ ഛായ കൊണ്ടുവന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളടക്കം സ്ഥലത്തെത്തി പ്രതിഷേധമറിയിച്ചു.

Loading...

തുടർന്ന് പാപ്പാഞ്ഞിയുടെ നിർമാണം നിർത്തി വയ്‌ക്കുകയായിരുന്നു. നിലവിലെ പാപ്പാഞ്ഞിക്ക് പുതിയ മുഖം തയ്യാറാക്കുമെന്നും കാർണിവൽ കമ്മിറ്റി ഉറപ്പുനൽകി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ വന്നതിൽ കാർണിവൽ കമ്മിറ്റി ക്ഷമ ചോദിച്ചു.