നടിയെ പ്രണയിച്ച ഡ്രൈവറെ കഴുത്തറുത്ത് കൊന്ന നാല് പേര്‍ പിടിയില്‍

നടിയെ പ്രണയിച്ചതിന് ഡ്രൈവറെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയില്‍. കൊടൈക്കനാലില്‍ ടാക്സി ഡ്രൈവറായിരുന്ന യുവാവിനെയാണ് നടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് പിതാവും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കഴുത്തറുത്ത ശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ നടിയുടെ പിതാവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

കൊടൈക്കനാലിന് സമീപം അട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരനെ ഈ മാസം 25 നാണ് കൊക്കയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്ത് നിന്ന് ഒരു കാര്‍ പോലീസ് കണ്ടെടുത്തു. കാറിനുളളില്‍ നിറയെ ചോരപ്പാടുകളുണ്ടായിരുന്നു. കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് പ്രഭാകരന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രഭാകരന്‍റെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.പത്തുവര്‍ഷമായി കുടുംബത്തോടൊപ്പം കൊടൈക്കനാലിലാണ് സൂര്യനാരായണനും കുടുംബവും താമസിക്കുന്നത്. മകളും തമിഴ് സിനിമാ നടിയായ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പമുണ്ടെന്ന് മനസിലായതോടെ സൂര്യനാരായണന്‍ മകളേയും പ്രഭാകരനേയും താക്കീത് ചെയ്തു.

എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധം തുടര്‍ന്നു. ഇതോടെയാണ് വാടക കൊലയാളികളുടെ സഹായത്തോടെ പ്രഭാകരനെ വകവരുത്താന്‍ സൂര്യനാരായണന്‍ തിരുമാനിക്കുന്നത്. തുടര്‍ന്ന് കൊലപാതകത്തിനായി സെന്തില്‍ എന്നയാളെ സൂര്യനാരായണന്‍ സമീപിച്ചു. കൊലപാതകത്തിന് പ്രതിഫലമായി മൂന്നരക്ഷം രൂപയും 13 സെന്‍റ് സ്ഥലവുമാണ് സെന്‍തിലിന് സൂര്യനാരായണന്‍ വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് സെന്തിലിന്‍റെ സുഹൃത്തും കൂട്ടാളിയുമായ മണികണ്ഠന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50000 രൂ മാറ്റുകയും ചെയ്തു.

24 ന് വാടക കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ കൊല്ലപ്പെട്ട പ്രഭാകരനെ വിളിച്ചു വരുത്തി. തുടര്‍ന്ന് കൂട്ടാളികളായ മണികണ്ഠനും മുഹമ്മദ് സല്‍മാനും പ്രഭാകരന്‍റെ കാറില്‍ കയറി. പ്രഭാകരന്‍റെ മുഖം തുണി കൊണ്ട് മൂടി. തുടര്‍ന്ന് പ്രഭാകരനെ കഴുത്തറുത്ത് കൊന്ന ശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. പ്രഭാകരന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സെനന്തിലിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതോടെയാണ് കൊലയാളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ ഹൈദരാബാദിലേക്ക് തിരിച്ചതായാണ് വിവരം. ഇയാളെ ഉടനെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.