ശ്രീധരന്‍ വെറും ‘കോടാലി’യെങ്കില്‍ മകന്‍ അരുണ്‍ ‘ഹൈടെക്’ അധോലോകത്തലവന്‍

അധോലോകകഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന കോടാലി ശ്രീധരന്‍ വെറും കൈക്കോടാലിയെങ്കില്‍, മകന്‍ അരുണ്‍ ഹൈടെക് ക്രിമിനല്‍ എന്നു പോലീസ്. അധോലോക രാജകുമാരനായി വളര്‍ന്ന അരുണ്‍ എന്ന അരുണ്‍കുമാറിനെത്തേടി അയല്‍സംസ്ഥാനങ്ങളിലെ പോലീസ് പരക്കം പായുകയാണ്. ഹവാലാപ്പണം തട്ടിപ്പുകേസുകളിലെ കൊടും ക്രിമിനലായി പോലീസ് രേഖകളില്‍ ഇടംപിടിച്ച കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍ ഇലക്ട്രോണിക്സ് ബി.ടെക്. ബിരുദധാരിയാണ്. കമ്പ്യൂട്ടര്‍ ബിരുദവുമുണ്ട്. ഹവാല തട്ടിപ്പുകളില്‍ അച്ഛന്റെ പാത പിന്തുടരുന്ന അരുണ്‍, തന്റെ സാങ്കേതികപരിജ്ഞാനമെല്ലാം കവര്‍ച്ചകള്‍ക്കു പശ്ചാത്തലമൊരുക്കാനാണ് ഉപയോഗിക്കുന്നതെന്നു പോലീസ് പറയുന്നു.

എന്‍ജിനീയറിങ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് അരുണും സംഘവും കവര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെയില്ല. വാക്കിടോക്കി ഉപയോഗിച്ചാണു സംഘാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസ് സൈബര്‍ സെല്ലിന് അരുണിന്റെ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. സൗജന്യ കോള്‍ സൗകര്യമുള്ള ആപ്ലിക്കേഷനുകളുടെ ഐ.പി. വിലാസം ഓസ്ട്രേലിയയാണു കാണിക്കുന്നത്. 15 കിലോമീറ്റര്‍ ദൂരപരിധിയുള്ള വാക്കിടോക്കി സംവിധാനമാണു സംഘം ഉപയോഗിക്കുന്നത്. കേരളാ പോലീസിന്റെ വാക്കിടോക്കി സംവിധാനത്തേക്കാള്‍ മികച്ചതാണിത്. ടവര്‍ പരിശോധനയില്‍ റേഡിയോ സിഗ്‌നലുകള്‍ കാണിക്കാത്തതു പോലീസ് സൈബര്‍ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നു.

Loading...

ക്രിമിനല്‍ സംഘങ്ങളെ പിടികൂടാന്‍ പോലീസ്, എക്സൈസ്, വനംവകുപ്പുകള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെ വെല്ലുന്ന ഉപകരണങ്ങളാണ് അരുണ്‍ നിര്‍മിച്ചിട്ടുള്ളത്. അടുപ്പക്കാരായ ഉദ്യോഗസ്ഥരുടെ സഹായവും ഇതിനു ലഭിച്ചിട്ടുണ്ടാകുമെന്നു പോലീസ് സംശയിക്കുന്നു. ഹവാല ഇടപാടുകളിലൂടെ 150 കോടിയോളം രൂപ കോടാലി ശ്രീധരനും കൂട്ടരും തട്ടിയെടുത്തതായാണു വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ വിലയിരുത്തല്‍. മകന്‍ അരുണിന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യവും ഇക്കാര്യത്തില്‍ ശ്രീധരനു സഹായകമായി. ശ്രീധരനെതിരേ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍. അരുണിനെതിരേ കേരളത്തില്‍ ഒരു കേസ് പോലുമില്ലെങ്കിലും 20 കോടിയോളം രൂപ തട്ടിയതിനു 13 കേസുകള്‍ ഇതരസംസ്ഥാനങ്ങളിലുണ്ട്. ഇവയില്‍ ചില കേസുകളില്‍ ശ്രീധരനും കൂട്ടുപ്രതിയാണ്.

ചെന്നൈയില്‍നിന്നു മലപ്പുറത്തേക്കു കൊണ്ടുവരുകയായിരുന്ന 2.90 കോടിയുടെ ഹവാലാപ്പണം ശ്രീധരനും സംഘവും തട്ടിയെടുത്തിരുന്നു. തമിഴ്നാട് പോലീസിലെ എസ്.ഐമാരായ ശരവണന്‍, മുത്തുകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്ര എന്നിവരാണു പണം എത്തുന്ന വിവരം അരുണിനു കൈമാറിയത്. ഇതനുസരിച്ച് ശ്രീധരനും സംഘവും കരുക്കള്‍ നീക്കി. അരുണിനു വിവരം ചോര്‍ത്തിനല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ തമിഴ്നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ സംഭാഷണം അരുണ്‍ ഇലക്ട്രോണിക്സ് വൈദഗ്ധ്യമുപയോഗിച്ച് ചോര്‍ത്തുകയായിരുന്നെന്നാണു കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.