ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം സർക്കാരിനെതിരേയുള്ള കോൺഗ്രസ് ബിജെപി പ്ലാനെന്ന്‌ കോടിയേരി

തിരുവനന്തപുരം:ജിഷ്ണുവിന്റെ കുടുംബത്തെ പിടിച്ച് എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇഎംഎസ് സർക്കാരിന്റെ അറുപതാം വാർഷികത്തിൽ ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ നടത്തിയ സമരവും സംഘർഷവും യാദൃശ്ചികമാണെന്ന് കരുതാനാകില്ലെന്നും പല തലങ്ങളിലായി നടന്ന രാഷ്ട്രീയ ഗൂഡാലോചന ഇതിനായി നടന്നെന്നും കോടിയേരി പറയുന്നു.ദേശാഭിമാനിയിൽ ജിഷ്ണുസമരം: ബാക്കിപത്രം എന്ന ലേഖനത്തിലൂടെയാണ് കോടിയേരിയുടെ വിമർശനം. മലപ്പുറം ?ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കാനാണ് ഇതെല്ലാമെന്നും വിമർശിക്കുന്നു. ജിഷ്ണു സംഭവത്തെ തുടർന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ വഴിവിട്ട പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും വികാരം മാനിക്കുമെന്നും അവരോടുള്ള കരുതൽ എപ്പോഴുമുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത് വെറുവാക്കല്ലെന്നും പറയുന്നു. ജിഷ്ണുകേസിൽ സ്വാശ്രയ മാനേജ്‌മെന്റ് ഉടമയ്ക്കും അധികൃതർക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികൾക്കും അറസ്റ്റ് ചെയ്യാനുള്ള പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് അസാധാരണമാണെന്നും അതിന് സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റുന്നത് വിചിത്രമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയിൽ സർക്കാർ നിയമപോരാട്ടം നടത്തുന്നത് ചരിത്രത്തിൽ കാണാത്ത സംഭവമാണെന്നും കോടിയേരി പറയുന്നു. എൽഡിഎഫ് സർക്കാരിനെതിരേ കമ്യൂണിസ്റ്റ് വീര്യമുള്ള കൗമാരക്കാരനായ ജിഷ്ണുവിന്റെ് പ്രശ്‌നം തന്നെ ഉപയോഗിക്കാൻ അണിയറയിൽ ഗൂഡനീക്കം നടന്നതി?ന്റെ ഭാഗമായിരുന്നു ഡിജിപി ഓഫീസിന് മുന്നിലെ സമരം.ആർഎസ്എസും ബിജെപിയും ഇന്ത്യയെ ഹിന്ദുവർഗ്ഗീയ രാഷ്ട്രീയമാക്കാനുള്ള ശ്രമത്തിനിടയിൽ കേരളം സാമുദായിക സൗഹാർദ്ദം പുലർത്തുന്നതിന് കാരണം എൽഡിഎഫും സിപിഎമ്മുമാണ്. ഇത് ദുർബ്ബലപ്പെടുത്താനുള്ള അടവുകളിൽ എൽഡിഎഫ് സർക്കാരിനെതിരേ ഗ്രാൻഡ്മാസ്റ്റർ ഡിസൈനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി കാവിസംഘവുമായി സഹകരിച്ചിരിക്കുകയാണെന്നും കോടിയേരി വിമർശിക്കുന്നു.