രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസ്. സര്‍സംഘ ചാലക്; ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല- കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ കോടിയേരിയുടെ വിമർശനം.

“ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ് കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.” ലേഖനത്തിൽ കോടിയേരി പറയുന്നു.

Loading...

ലേഖനം ഇങ്ങനെ

“അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.”

“ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്–- – കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.”

“2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നത്.”

സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷത്ത് കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുമ്പോഴാണ് ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധം ആരോപിച്ച് കോടിയേരി രംഗത്ത് വന്നത്. ചെന്നിത്തല ആർഎസ്എസിന്റെ മാനസപുത്രനെന്ന് അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ തൻറെ ഡിഎൻഎ ജനങ്ങൾക്കറിയാമെന്നും കോടിയേരി പരിശോധിക്കേണ്ടെന്നും ചെന്നിത്തല തിരിച്ചടിച്ചു. ചെന്നിത്തലക്ക് ലീഗും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.

സ്വർണ്ണക്കടത്തിൽ സർക്കാറിനെതിരായ കോൺഗ്രസ്സിൻറെയും ബിജെപിയുടേയും ആക്രമണങ്ങളെ നേരിടാൻ കോടിയേരി ഇറക്കിയ പ്രതിരോധ കാർഡാണ് ചെന്നിത്തല- ആർഎസ്എസ് ബന്ധം. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാൾ മുഖ്യമന്ത്രിയാകുന്നതാണ് ആർഎസ്എസിന് താല്പര്യമെന്ന് വരെ പറഞ്ഞായിരുന്നു ആരോപണം. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ചെന്നിത്തലയെ തുണച്ചെത്തിയെങ്കിലും കോടിയേരി ആരോപണം തുടർന്നതോടെയാണ് പ്രതിപക്ഷനേതാവ് മറുപടി നൽകിയത്.

കോൺഗ്രസ്സിലെ നേതൃമാറ്റചർച്ചകളും ചെന്നിത്തലയോടുള്ള ലീഗിൻറെ താല്പര്യക്കുറവും കൂടി പരിഗണിച്ചാണ് പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാനുള്ള കോടിയേരി നീക്കം. എന്നാൽ വെട്ടിൽവീഴില്ലെന്ന് പറഞ്ഞ് ലീഗ് രമേശിൽ വിശ്വാസം അർപ്പിക്കുന്നു. ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ള ആക്ഷേപങ്ങളുടെ ഉന്നം പ്രതിപക്ഷ ഐക്യം തകർക്കലാണെന്ന് തിരിച്ചറിഞ്ഞാണ് യുഡിഎഫ് പ്രതിപക്ഷനേതാവിന് കവചമൊരുക്കുന്നത്. അതിനിടെ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി ധാരണയുണ്ടെന്ന തിരിച്ചാക്ഷേപം മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചിരുന്നു. കേസിൻറെ ഗതിയനുസരിച്ച് ഈ രാഷ്ട്രീയപ്പോര് തുടരാൻ തന്നെയാണ് സാധ്യത.