ബിനോയിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ല; കോടിയേരി ബാലകൃഷ്ണന്‍

 

പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Loading...

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി പുറത്തുവന്നസമയത്തും കോടിയേരി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിനോയ് കോടിയേരിക്കെതിരായ കേസിനെ സംബന്ധിച്ച് നേരത്തെ വിവരമറിഞ്ഞിരുന്നില്ലെന്നും ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.