പത്താം ക്ലാസ് പരീക്ഷ എഴുതണം: പത്തനംതിട്ടയിൽ 10ആം ക്ലാസ് വിദ്യാർത്ഥിയെ കൊന്ന കേസിൽ പ്രതികൾക്ക് ജാമ്യം

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ 10-ാം ക്ലാസ് വിദ്യാർത്ഥിയെ കൊലപെടുത്തിയ കേസിലെ പ്രതികളായ രണ്ട് വിദ്യാർത്ഥികൾക്ക് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചു. പത്താം ക്ലാസ് പരീക്ഷ ഉണ്ടെന്ന് കാണിച്ച് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഈ മാസം 26-ന് എസ്.എസ്.എൽ സി പരീക്ഷയാണെന്ന് കാണിച്ചാണ് ജുവനൈൽ കോടതിയിൽ പ്രതികളായ വിദ്യാർത്ഥികൾ ജാമ്യാപേക്ഷ സമ‍ർപ്പിച്ചത്.

ഏപ്രിൽ 21 നായിരുന്നു സെന്‍റ് ജോർജ്ജ് മൗണ്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊടുമൺ അങ്ങാടിക്കൽ സുധീഷ് ഭവനത്തിൽ അഖിലിനെ പ്രതികൾ കൊലപ്പെടുത്തിയത്. കൂട്ടുകാരനെ എറിഞ്ഞ് വീഴ്ത്തി കൊടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്കാണ് പത്തനംതിട്ട ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്.

Loading...

റബ്ബർതോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. കേസിൽ അന്വേഷണ ചുമതല വഹിക്കുന്ന അടൂർ ഡി.വൈ,എസ് പി ജവഹർ ജനാർദ്ദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാർത്ഥികളെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ പ്രതികളെ വേണമെന്ന പൊലീസിന്‍റെ ആവശ്യം നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. പിന്നീട് നൽകിയ ഹർജി പരിഗണിച്ചാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. കൊല്ലത്ത് വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഒബ്സർ‍വേഷൻ ഹോമിലെത്തി ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. കേസിൽ തെളിവെടുപ്പും നടന്നു.