കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അതേസമയം എറണാകുളം തൃക്കാക്കരയിലെ കരുണാലയം എന്ന കെയർ ഹോമിൽ വച്ചു ഇന്ന് രാവിലെ മരണപ്പെട്ട വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരുണാലയം കെയർ ഹോമിലെ അന്തേവാസിയും വാഴക്കാല സ്വദേശിയുമായ ലൂസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 91 വയസ്സായിരുന്നു ഇവർക്ക്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Loading...

കരുണാലയത്തിലെ രോഗ വ്യാപനം കൂടിയതിനെ തുടർന്ന് ഈ മാസം 23ന് നടത്തിയ പരിശോധനയിൽ ലൂസിയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും. കൊവിഡ് മൂലം കരുണാലയത്തിലുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. നിലവിൽ കന്യസ്ത്രീകളടക്കം കരുണാലയത്തിലെ 51 പേർ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 903 പേരില്‍ 706 പേരും രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 58 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 43 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 39 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേര്‍ക്കും, കോട്ടയം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 22 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് ഇന്ന് 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ (10) എറണാകുളം (6), കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.