കോയമ്പത്തൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 19 മരണം

കോയമ്പത്തൂര്‍: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ അവിനാശിയില്‍ ആയിരുന്നു സംഭവം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ. എസ്. ആര്‍. ടി .സി വോള്‍ വോ ബസ് അപകടത്തില്‍ പെട്ടത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ പത്ത് പേര്‍ മരിച്ചിരുന്നു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരുക്ക് പറ്റിയെന്നാണ് വിവരം. ഇതില്‍ പലരുടെയും നില ഗുരുതരം ആണെന്നും വിവരമുണ്ട്. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചു തകര്‍ന്ന നിലയിലാണ്.

അവിനാശിയില്‍ വെച്ച് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ. എസ്. ആര്‍. ടി .സി വോള്‍ വോ ബസും ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് സൂചന. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെ. എസ്. ആര്‍ .ടി. സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് പുറത്തെത്തുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് വിവരം. തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.

അതേസമയം മറ്റൊരു സംഭവത്തില്‍ സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. 26 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.