കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: കേസിലെ പ്രധാന പ്രതി അറസ്റ്റിലെന്ന് സൂചന: സംഭവം നിര്‍ഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയാണ് പിടിയിലായതെന്നാണ് സൂചന. പ്രതിയെ അല്‍പസമയത്തിനുള്ളില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിക്കും. കോലഞ്ചേരി പാങ്കോട്ടില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വൃദ്ധ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെയാണ് കേസ് ഏറ്റെടുത്തത്.

ആക്രമണത്തിനിരയായ എഴുപത്തിയഞ്ചുകാരി അപടകനില തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയം നിര്‍ണായകമാണ്. ഇതിനു ശേഷം മാത്രമേ വൃദ്ധ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

Loading...

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിക്രൂരമായാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നിര്‍ഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.