75 കാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം, ചികിത്സാ ചെലവും സംരക്ഷണവും ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ . അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണിത്. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച അതിദാരുണമായ സംഭവം നടന്നത്.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെയാണ് കേസ് ഏറ്റെടുത്തത്.ആക്രമണത്തിനിരയായ എഴുപത്തിയഞ്ചുകാരി അപടകനില തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയം നിര്‍ണായകമാണ്. ഇതിനു ശേഷം മാത്രമേ വൃദ്ധ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

Loading...

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിക്രൂരമായാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നിര്‍ഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.