എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തി

എറണാകുളം: എറണാകുളം തിരുവാണിയൂര്‍ പഴക്കാമറ്റത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. എറണാകുളം തിരുവാണിയൂര്‍ പഴക്കാമറ്റം സ്വദേശിനിയായ ശാലിനിയാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പുത്തന്‍കുരിശ് പൊലീസ് പാറമടയിലെത്തി പരിശോധന ആരംഭിച്ചു.നവജാത ശിശുവിനെ അമ്മ ശാലിനി പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. രക്തസ്രാവത്തെ തുടര്ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചപ്പൊഴാണ് കൊലപാതക വിവരം പുറത്തു പറയുന്നത്.

ഭര്‍ത്താവുമായി ഒരു വര്‍ഷത്തിലേറെയായി പിണങ്ങി കഴിയുകയായിരുന്ന ശാലിനി. ഈ മാസം ഒന്നാം തീയതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. നാട്ടുകാരില്‍ നിന്നും, ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഗര്‍ഭം മറച്ചു വച്ച ഇവര്‍ പ്രസവശേഷം കുഞ്ഞിനെ വീടിന് സമീപത്തെ പാറമടയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രസവശേഷമുള്ള രക്തസ്രാവം നില്‍ക്കാതായതോടെ നാട്ടുകാരുടെ സഹയത്തോടെ ആശാ വര്‍ക്കര്‍മാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Loading...