ബൈക്കിനെ മറികടന്നതിന് കൊല്ലത്ത് യുവാവിനെ രണ്ടംഗ സംഘം പമ്പിലിട്ട് മര്‍ദിച്ചു; ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു

കൊല്ലം : രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നതിന് ബൈക്ക് യാത്രികനായ യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് പരിക്കേറ്റത്. യാത്രയ്ക്കിടെ മറ്റൊരു ബൈക്കിനെ മറികടന്നുവെന്ന ആരോപിച്ചായിരുന്നു ആക്രമണം.

കൊല്ലം രാമന്‍കുളങ്ങരയിലെ പമ്പില്‍ വച്ച് ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. അക്രമത്തിന് ഇരയായ ഷിബു വീട്ടിലേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെ, ഒരു ബൈക്കിനെ മറികടന്നതിനെ തുടര്‍ന്ന് രണ്ടുപേര്‍ പിന്നാലെ ബൈക്കിലെത്തി അസഭ്യം പറയുന്നുണ്ടായിരുന്നു. ഇവരില്‍ നിന്നും രക്ഷപെടാനായാണ് ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേയ്ക്ക് കയറിയത്.

Loading...

എന്നാല്‍, പിന്നാലെ എത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ കത്തിയും കയ്യില്‍ കരുതിയിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തുന്നത് പമ്പലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതുകൊണ്ടു തന്നെ പമ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ഇടപെടാന്‍ മടിച്ചു. മര്‍ദനത്തിനിടെ നിലത്തു വീണ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏതാനും ദിവസം മുന്‍പും കൊല്ലത്ത് യുവാവിനെ എട്ടംഗ സംഘം ആക്രമിച്ചിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ശക്തികുളങ്ങര പോലീസ് കേസെടുത്തു.