വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറി: കൊല്ലത്ത് 24 വയസുകാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഫോണിൽ നിന്ന് പുറത്ത് വന്ന ശബ്ദരേഖയാണ് കേസിൽ നിർണ്ണായകമായ തെളിവായത്.

അറസ്റ്റിലായ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും. ആത്മഹത്യക്ക് മുൻപുള്ള യുവതിയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയെന്ന വാദവും പുറത്തായ ശബ്ദ സന്ദേശത്തത്തിൽ വ്യക്തമാണ്.മ്യതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിലൂടെ വിവരങ്ങൾ കൂടുതൽ വ്യക്തമാകും. കഴിഞ്ഞ പത്ത് വർഷത്തോളമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം മറ്റൊരു വിവാഹ ബന്ധിത്തിലേക്ക് പോകാൻ ഹാരിസ് തയാറെടുക്കുന്നതോടെയാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീഴുന്നത്.

Loading...

ഇക്കഴിഞ്ഞ ദിവസമാണ് വിവാഹം ഉറപ്പിച്ച ശേഷം വരൻ പിന്മാറിയതിൽ മനംനൊന്ത് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റംസിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരൻ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്. തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗർഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോൺ രേഖകളിൽ വ്യക്തമാണ്.

റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ വരന്റെ മാതാവടക്കം കൂടുതൽ പേർ പ്രതികളായേക്കും.