കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 58 വയസുള്ള മാതാവ്, 27 വയസുള്ള മകള്‍, അവരുടെ ഒന്നും നാലും വയസുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മേയ് 16ന് IX 538 അബുദാബി- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവര്‍. പരിശോധന ഫലം പോസിറ്റിവായതോടെ നാലു പേരെയും പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ കോവിഡ്​ പോസിറ്റിവ്​ റിപ്പോര്‍ട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളാണ്​ വിമാനത്തില്‍ ഇവര്‍ക്ക്​ ലഭിച്ചിരുന്നത്​. സഹയാത്രികരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടേയും സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കി.

Loading...

പ്രവാസികള്‍ കൂടുതലായി കോവിഡ് ബാധിതരായി എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രതയിലാണ്. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. സമൂഹവ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പരിശ്രമിക്കണമെന്ന് കലക്ടര്‍ ബി. അബ്ദുൽ നാസര്‍ അറിയിച്ചു.