കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ്: പൊലീസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കും ആറ്റിങ്ങൽ സിഐക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. മറ്റു തടവുകാർക്കും ജീവനക്കാർക്കും ആയി ഇന്ന് പരിശോധന നടത്തും. അതേസമയം പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 8 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Loading...

ഇതിനിടയിൽസംസ്ഥാനത്ത് ഇന്ന് 6 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോഡ് ജില്ലയിൽ മാത്രം ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കാസർകോഡ് ജില്ലയിലെ ആകെ കൊവിഡ് മരണം പതിനൊന്ന് ആയി. 78 കാരനായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഒരാഴ്ച മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹർബാനുവിന് കഴിഞ്ഞ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ ചക്കരക്കൽ സ്വദേശി സജിത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയിൽ സജിത്തിന് രോഗ ബാധ ഉണ്ടായിരുന്നില്ല. ചികിത്സയിലിരിക്കെ രോഗം ബാധിച്ചെന്നാണ് സംശയം.