പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്: വധുവും വരനും നിരീക്ഷണത്തിൽ

കൊല്ലം: പത്തനാപുരം തലവൂർ പഞ്ചായത്തിലെ പിടവൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോ​ഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയിൽ ഇന്ന് 218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 210 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. കല്ലുംതാഴം സ്വദേശി ഹൗവ്വഉമ്മ ,പ്രാക്കുളം സ്വദേശി ജമീല , കുളക്കട സ്വദേശി ശശിധരൻ നായർ എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 325പേർ രോഗ മുക്തി നേടി.

Loading...

കേരളത്തിൽ ഇന്ന് 4351 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർഗോഡ് 319, തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ജേക്കബ് (89), സെപ്റ്റംബർ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീൻ (49), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബർ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബർ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരൻ നായർ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീൻ (67), സെപ്റ്റംബർ 11ന് മരണമടഞ്ഞ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂർ 285, കാസർഗോഡ് 278, കണ്ണൂർ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.