കൊല്ലത്ത് വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്: മദ്യത്തിന് പകരം വിറ്റത് കട്ടൻചായ: ലിറ്ററിന് 900 രൂപ

കൊല്ലം: ദിവസേന പല തട്ടിപ്പുകളും നടക്കാറുണ്ട്. ചിലത് വാർത്തയാകും ചിലത് വാർത്തയാകാറുമില്ല. ഇവിടെ കൊല്ലത്ത് നടന്ന തട്ടിപ്പാണ് ശ്രദ്ധയേമായത്. മദ്യത്തിന് പകരം വിറ്റത് കട്ടൻചായ ആണ്. മദ്യമെന്ന പേരിൽ കൊല്ലത്താണ് കട്ടൻചായ വിറ്റത്. ലിറ്ററിന് 900 രൂപയ്ക്കായിരുന്നു വിൽപ്പന. ബാറിൽ നിന്ന് മദ്യം വാങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് നിസ്സാരമായി കബളിപ്പിക്കപ്പെട്ടത്.

അഞ്ചാലുംമൂട് ബാറിന് സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മധ്യവയസ്‌കനായ ഒരാൾ കുപ്പിയുമായി ഇവരെ സമീപിക്കുകയായിരുന്നു. കൗണ്ടർ അടയ്ക്കാൻ സമയമായതിനാൽ ജീവനക്കാർ മദ്യം പുറത്തു കൊണ്ടുവന്ന് നൽകുന്നതാണെന്ന് കരുതിയെന്നാണ് യുവാക്കൾ പറയുന്നത്. കൗണ്ടർ അടച്ചെന്ന് കരുതി ചോദിച്ച വിലകൊടുത്താണ് യുവാക്കൾ സാധനം കൈപ്പറ്റിയത്. പിന്നീട് കുപ്പി തുറന്ന് നോക്കിയപ്പോഴാണ് കട്ടൻചായയാണെന്ന് മനസിലായത്.

Loading...

തുർന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാക്കൾക്ക് കുപ്പി നൽകിയത് ബാർ ജീവനക്കാരനല്ലെന്ന് വ്യക്തമായി. സംഭവം അറിഞ്ഞ് എക്‌സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു. യുവാക്കളെ കബളിപ്പിച്ച വ്യക്തി കുപ്പി വിൽപ്പന നടത്തി അൽപ്പ സമയത്തിന് ശേഷം ഓട്ടോയിൽ കയറി പോയതായും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കബളിപ്പിക്കലായതിനാൽ എക്‌സൈസിന് കേസെടുക്കാൻ നിലവിൽ നിർവാഹമില്ല.