ഭർത്താവ് മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചതും ഭാര്യ മരിച്ചതും അറിഞ്ഞില്ല: കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ

അ‍ഞ്ചല്‍: മൂന്നുമാസം മുന്‍പു കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കിടപ്പുമുറിയില്‍ വച്ച് വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയെന്നു മാതാപിതാക്കൾ. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യാണ് വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചത്. മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം.

മാർച്ച് 2നാണ് ആദ്യമായി അടൂർ പറക്കോടെ ഭർതൃവീട്ടിൽ വെച്ച് ഉത്രയ്ക്ക് പാമ്പു കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പുതിയ സംശയത്തിന് കാരണമായത്. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അ‍ഞ്ചൽ സിഐക്കു പരാതി നൽകി. കഴിഞ്ഞ 7 നു രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്.

Loading...

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ചു. ഭർത്താവ് മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു. ശീതികരിച്ച മുറിയുടെ ജനാല ഉത്ര തുറന്നുവെന്നാണ് ഭർത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്നും വിശദമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.