മക്കള്‍ക്കൊപ്പം അയല്‍വാസിയായ 16കാരിയെയും കൂട്ടി നാടുവിട്ടു ; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ പതിനാറുകാരിക്കൊപ്പം നാടുവിട്ട യുവാവ് അറസ്റ്റില്‍. തടിക്കാട് കടമാന്‍കുഴി പുത്തന്‍വീട്ടില്‍ നിസാമി(34)നെയാണു കണ്ണൂരില്‍ നിന്ന് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഇയാള്‍ തലച്ചിറ, ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നു വിവാഹം കഴിച്ചതാണ്. നെടുമങ്ങാട്ടെ ഭാര്യയിലുള്ള രണ്ടു കുട്ടികളോടൊപ്പമാണ് കുറച്ചുദിവസം മുമ്പ് പതിനാറുകാരിയുമായി സ്ഥലംവിട്ടത്.

കുട്ടികളെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് കാട്ടി നെടുമങ്ങാട് സ്വദേശിനി പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണു പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. റൂറല്‍ എസ്.പി:ബി. അശോകന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നിസാമിനോടൊപ്പം കണ്ണൂരിലുണ്ടെന്നു കണ്ടെത്തി. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അഭിലാഷ്, എസ്.ഐ: പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരില്‍ വാടകവീട്ടില്‍ താമസിച്ചുവന്ന നിസാമിനെയും പെണ്‍കുട്ടിയെയും രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തു. പൊലീസ് അറിയിച്ചതനുസരിച്ച് മുന്‍ ഭാര്യമാര്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പോസ്‌കോ നിയമപ്രകാരം നിസാമിനെതിരെ പോലീസ് കേസെടുത്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.