കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ: . പ്രതി ഹാരിസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി: പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ വരന്‍റെ ബന്ധുവായ സീരിയൽ നടിക്കും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണം

കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ വരന്‍റെ ബന്ധുവായ സീരിയൽ നടിക്കും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. പ്രതി ഹാരിസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണ, ഗര്‍ഭച്ഛിദ്രം തുടങ്ങിയ കുറ്റങ്ങളും ഹാരിസിനെതിരെ ചുമത്തിയിട്ടുണ്ട്.

‘അവസാനം വരെ മോള് അവനെ വിശ്വസിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ എന്തെങ്കിലും ചെയ്യെന്ന് അവന്‍ പറഞ്ഞതൊക്കെ മോള്‍ മരിച്ചുകഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്’ – പിതാവ് പറഞ്ഞു. 10 വര്‍ഷമായി തന്‍റെ മകളും ഹാരിസും സ്നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. വളയിടീല്‍ ചടങ്ങ് നടത്തിയിരുന്നു. അതുകഴിഞ്ഞാണ് മറ്റൊരാളെ ഹാരിസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് മകള്‍ അറിഞ്ഞത്. വരന്‍റെ മാതാവിനെ പോയി കണ്ട് തന്നെ ഒഴിവാക്കരുതെന്ന് മകള്‍ അപേക്ഷിച്ചതൊക്കെ ആത്മഹത്യക്ക് ശേഷമാണ് താന്‍ അറിഞ്ഞതെന്ന് പിതാവ് പറഞ്ഞു.

Loading...

വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രത്തിനായി ഹാരിസ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് പെൺകുട്ടി ഹാരിസിനെ വിളിക്കുന്ന ശബ്ദ സന്ദേശമുണ്ടായിട്ടും പൊലീസ് ഹാരിസിനെതിരെ കേസെടുക്കാതിരുന്ന സംഭവം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇതിനിടയിൽ യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയ വിഷമത്തിൽ ജീവനൊടുക്കിയ റംസി, മരിക്കുന്നതിനു മുമ്പ് പ്രതി ഹാരിസിനോടും ഉമ്മയോടും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുറെയധികം നേരം ഫോണിൽ സംസാരിച്ചശേഷം റൂമിൽ കയറി വാതിലടച്ച റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

മരണത്തിനു തൊട്ടുമുൻപുള്ള റംസിയുടെ ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൊട്ടിയം സ്വദേശി റംസി (24) ജീവനൊടുക്കിയ കേസിൽ പള്ളിമുക്ക് സ്വദേശി ഹാരിസ് (24) ആണ് അറസ്റ്റിലായത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, മറ്റൊരു ബന്ധത്തിന്റെ പേരിൽ യുവാവ് പിൻമാറിയതാണു റംസിയുടെ മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം

‘ഇക്കൂ, ഞാൻ ഒന്നും പിടിച്ചു വാങ്ങുന്നില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? ഇക്കു ചെയ്ത തെറ്റിന് എന്തിനാണു ഞാൻ അനുഭവിക്കുന്നത്? എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോൾ ഞാൻ എങ്ങനെയാണ് സമാധാനമായി ഇരിക്കുക? എനിക്കു മുൻപിൽ രണ്ടു വഴികളേ ഉള്ളൂ.

ഒന്ന്, മറ്റേ ബന്ധം നിർത്തി ഇക്കു എന്നെ കല്യാണം കഴിക്കുക. രണ്ടാമത്തെ വഴി… എനിക്ക് ജീവിതം വേണ്ട, ജീവനും വേണ്ട.’– എന്നാണു റംസി ഹാരിസിനോടു പറയുന്നത്. കരഞ്ഞുകൊണ്ട് യുവതി ഇതു പറയുമ്പോൾ, യാതൊരു താൽപര്യവുമില്ലാതെ ശരി എന്നു മാത്രമായിരുന്നു ഹാരിസിന്റെ മറുപടി. നാളെ 12 മണി വരെ ആലോചിക്കാൻ സമയം തരണമെന്നും അതു വരെ ജീവിക്കണമെന്നും ഹാരിസ് പറയുന്നതും കേൾക്കാം.

തുടർന്നുള്ള ഫോൺ സംഭാഷണം റംസി ഹാരിസന്റെ ഉമ്മയുമായി നടത്തുന്നതാണ്. ഹാരിസ് തന്നെ വേണ്ടെന്നു പറഞ്ഞതായി റംസി ഉമ്മയോടു പറയുമ്പോൾ, അതു നല്ല കാര്യമാണെന്നും നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്നുമായിരുന്നു മറുപടി. നല്ല കുടുംബത്തിൽ പോയി ജീവിക്കാൻ നോക്ക്. നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകൾ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്. നിന്റെ മാതാപിതാക്കൾ നിനക്കു കണ്ടു വയ്ക്കുന്ന ബന്ധമാണ് ഏറ്റവും നല്ലത്. ഇപ്പോൾ പൊന്നുമോളോട് ഇങ്ങനെ പറയാനേ ഞങ്ങളുടെ സാഹചര്യത്തിൽ സാധിക്കൂവെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു.

നീ സുന്ദരിയാണ്, നല്ലൊരു ഭാവിയുണ്ട്. അന്തസ്സുള്ള ജോലിയുണ്ട്. ഇത്രയും നല്ലൊരു ബന്ധം ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ വന്നിട്ടില്ലെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു. ‘വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല ഞാൻ ആഗ്രഹിച്ചത്. ഉമ്മയുടെ മരുമോളായി ജീവിക്കാനാണ്. എന്നെ ഇങ്ങോട്ടുവന്ന് സ്നേഹിച്ച്, ഇത്രയും കാലം കൊണ്ടുനടന്ന്, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാലോ?

എന്നിട്ട് എന്നോടെങ്ങനെ ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നു? പുതിയ ബന്ധത്തിനാണു താൽപര്യമെങ്കിൽ എന്തിനാണു വളയിടൽ നടത്തിയത്? നേരത്തെ പറയാമായിരുന്നില്ലേ?’– യുവതി നെഞ്ചുപൊട്ടി ചോദിക്കുന്നു. അതൊന്നും സാരമില്ലെന്നും നീ വേറെ വിവാഹം കഴിക്കണമെന്നും ഈ കാര്യങ്ങൾ നിങ്ങൾക്കു രണ്ടാൾക്കും മാത്രമേ അറിയുവെന്നുമാണു പ്രതിയുടെ മാതാവ് അപ്പോൾ മറുപടി പറയുന്നത്.

ഒന്നര വർഷം മുൻപ് ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ വിവാഹം ചെയ്യണമെന്നു റംസി ഹാരിസിനോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി ഒരു വർക്‌ഷോപ്പ് ആരംഭിച്ചശേഷം മാത്രം അതിനെപ്പറ്റി ചിന്തിക്കാമെന്നും ഇപ്പോൾ ഗര്‍ഭച്ഛിദ്രം നടത്തണമെന്നും ഹാരിസ് വാശിപിടിക്കുകയായിരുന്നു.