കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാള്‍ക്ക്: റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുനലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. ഇയാള്‍ നേരത്തെ ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെത്തിരുന്നു. ഫെബ്രുവരി 17,18 ദിവസങ്ങളിൽ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. സമ്മേളനത്തിന് ശേഷം 33 ദിവസം മുംബൈയിൽ ആയിരുന്നു. പിന്നീട് മാർച്ച് 23 ന് ഇയാള്‍ ഹൈദരാബാദ് വഴി കേരളത്തിലെത്തിയത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

Loading...

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.