കൊച്ചി. കൊല്ലം എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ നടത്തിയ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം എസ്എന്‍ കോളേജിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത ഒന്നര കോടി രൂപയില്‍ 55 ലക്ഷം വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നായിരുന്നു കേസ്. കേസില്‍ സിജെഎം കോടതി പിന്നീട് തുടരന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശന് അനുകൂലമായിരുന്നു തുടരന്വേഷണ റിപ്പോര്‍ട്ട്.
തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. ആദ്യം സര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ തുടങ്ങുവനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം എസ്എന്‍ ട്രസ്റ്റിന്റെ ചുമതലകള്‍ വഹിക്കുന്നതിന് ഹൈക്കോടതി ഉത്തരവ് തടസമാകാനുള്ള സാധ്യതയുണ്ട്. എസ്എന്‍ ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നവര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകരുതെന്ന് ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ട്രസ്റ്റിന്റെ ബൈലോ അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിര്‍ദേശം.