ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൂരന്റെ അച്ഛന്റെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. രാത്രി പത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവൻ ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സ്വർണം കാണിച്ചു കൊടുത്തത് സുരേന്ദ്രനാണ്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാൽ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

Loading...

സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണ്ണം കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത്. അതേസമയം ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പു നടത്തിയിരുന്നു. കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.